ന്യൂഡൽഹി: അംബേദ്കറുടെ പേരിൽ പാർലമെന്റിനകത്തും പുറത്തും നടക്കുന്ന കോലാഹലങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ എൻ സി ഇ ആർ ടിയുടെ പഴയ പാഠ പുസ്തകത്തിലെ കാർട്ടൂൺ ഉദ്ധരിച്ച് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഭരണഘടന എന്ന് എഴുതിയ ഒച്ചിന് മുകളിൽ ഇരിക്കുന്ന അംബേദ്കറെ നെഹ്രു ചാട്ടവാർ കൊണ്ട് തല്ലുന്ന കാർട്ടൂണാണ് നിർമ്മല സീതാരാമൻ കോൺഗ്രസിനെതിരെ ആയുധമാക്കുന്നത്.
യുപിഎ ഭരണകാലത്ത് ഉൾപ്പെടുത്തിയ കാർട്ടൂൺ 2012 വരെ പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചിരുന്നു. കോൺഗ്രസിന് അംബേദ്കറോട് എന്തുമാത്രം വെറുപ്പുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ കാർട്ടൂൺ. എന്നാൽ അംബേദ്കറെ അമിത് ഷാ അപമാനിച്ചു എന്നാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. കോൺഗ്രസിന്റെ ആരോപണം തെറ്റാണെന്നും, രാജ്യസഭയിലെ അമിത് ഷായുടെ പ്രസംഗത്തെ ആശയം കൊണ്ട് നേരിടാൻ അവർക്ക് കഴിവില്ലാത്തത് കൊണ്ടാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
കോൺഗ്രസ് അംബേദ്കറെ തിരഞ്ഞെടുപ്പുകളിൽ തോൽപ്പിച്ചു. അദ്ദേഹത്തിന് ഭാരതരത്നം നിഷേധിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി മാന്യമായ ഒരു സ്മാരകം പോലും നിർമ്മിച്ചില്ല. എന്നിട്ട് ഇപ്പോൾ അംബേദ്കറുടെ പേരുപറഞ്ഞ് മുതലെടുപ്പ് നടത്തുകയാണെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു.
കോൺഗ്രസ് എക്കാലവും അംബേദ്കറെ വെറുത്തിരുന്നുവെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനും പാർലമെന്റിൽ പറഞ്ഞു. അംബേദ്കറുടെ പേരിൽ കോൺഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. അംബേദ്കറെ അപമാനിക്കുന്ന കാർട്ടൂൺ 2012ൽ മാത്രമാണ് കോൺഗ്രസ് പാഠപുസ്തകങ്ങളിൽ നിന്നും പിൻവലിച്ചത്. ബിജെപി ഉയർത്തിയ വലിയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു അന്നത്തെ എച്ച് ആർ ഡി മന്ത്രി കപിൽ സിബൽ കാർട്ടൂൺ പിൻവലിക്കാൻ നിർദ്ദേശം നൽകിയതെന്നും പാർലമെന്റിലെ പഴയ ദൃശ്യങ്ങൾ ഉദ്ധരിച്ച് ധർമ്മേന്ദ്ര പ്രധാൻ വാദിച്ചു.
അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകിയതോടെയാണ് വിഷയം വിവാദമായത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ നേതൃത്വവും അമിത് ഷായെ പ്രതിരോധിക്കാൻ രംഗത്ത് വരികയും കോൺഗ്രസിന്റെ മുൻകാല അംബേദ്കർ അവഹേളനങ്ങൾ ചർച്ചയാക്കുകയുമായിരുന്നു.
കോൺഗ്രസ് വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും അംബേദ്കറെ കുറിച്ചുള്ള തന്റെ പരാമർശങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം. കോൺഗ്രസ് പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്ന് പാർലമെന്റിൽ നടന്ന ഭരണഘടനാ ചർച്ചയിൽ വ്യക്തമായി. ഇതിന്റെ അപമാനം മറയ്ക്കാനാണ് അവർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
വസ്തുതകളെ വളച്ചൊടിക്കുകയും പരാമർശങ്ങളെ ദുർവ്യാഖ്യാനം ചെയ്യുകയും എന്നത് കോൺഗ്രസിന്റെ പതിവാണ്. പ്രധാനമന്ത്രിക്കെതിരെ പോലും ഈ അടവ് പയറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അവർ. രാജ്യസഭയിലെ തന്റെ പ്രസംഗം വ്യക്തവും ആശയക്കുഴപ്പങ്ങൾ ഇല്ലാത്തതുമാണ്. അത് സഭാരേഖകളിൽ ആർക്കും പരിശോധിക്കാവുന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.