നോയിഡ : നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്തെ ഭൂമി വില കുതിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവിടെ ഭൂമിയുടെ വില ഇരട്ടിയിലധികം വർധിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ വിമാനത്താവളത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ ഭൂമിയുടെ വില 50 ശതമാനമോ അതിൽ കൂടുതലോ വർദ്ധിച്ചേക്കാം എന്നതാണ് റിപ്പോർട്ട് .
കോളിയേഴ്സ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ പ്രദേശത്തെ ഭൂമി വിലയിൽ 40 ശതമാനം വർധനയുണ്ടായി. 2030 ആകുമ്പോഴേക്കും ഇവിടെ ഭൂമിയുടെ വില 50 ശതമാനം കൂടി വർധിക്കുമെന്നാണ് സൂചനകൾ .ജെവാർ എയർപോർട്ട് പോലുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളും മെട്രോ ട്രെയിനും നഗര പദ്ധതികളുടെ വിപുലീകരണവുമാണ് ഭൂമി വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം.
ഇൻ്റർനാഷണൽ ഫിലിം സിറ്റി, മെട്രോ ലൈൻ എക്സ്റ്റൻഷൻ തുടങ്ങി ജെവാറിനെ ഒരു ടൗൺഷിപ്പായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ത്വരിതഗതിയിൽ മുന്നോട്ട് പോകുകയാണ്. നവംബറിൽ, യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ അതോറിറ്റി നഗരത്തിൽ ഒരു ഗ്രൂപ്പ് ഹൗസിംഗ് പ്ലോട്ട് സ്കീം അവതരിപ്പിച്ചിരുന്നു . 451 പ്ലോട്ടുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. .ഈ പ്ലോട്ടുകൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം ഏകദേശം 1.50 ലക്ഷത്തിനു മുകളിലാണ്.
യമുന എക്സ്പ്രസ്വേയിലോ ജെവാറിന് ചുറ്റുമുള്ള പ്രദേശങ്ങളിലോ ഭൂമി വാങ്ങുന്നവരുടെ എണ്ണവും കൂടുതലാണ്. .നിലവിൽ കാൺപൂർ, ലഖ്നൗ, ആഗ്ര, ഗോരഖ്പൂർ, ഡൽഹി എൻസിആറിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ഭൂമി വാങ്ങുന്നത്.