തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവം, തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിലവാരം കൊണ്ട് പ്രശംസ പിടിച്ച് പറ്റുമ്പോൾ, സംഘാടനത്തിലെ പാളിച്ചകൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സിനിമാ പ്രവർത്തകർ. ആയിരം രൂപയും നികുതിയും അടച്ച് പാസ് എടുത്ത് വരുന്ന ഡെലിഗേറ്റുകളോട് സംഘാടകർ കാണിക്കുന്ന അവഗണനക്കെതിരെ വി അബ്ദുൾ ലത്തീഫ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. യുവസംവിധായകനും മാദ്ധ്യമ പ്രവർത്തകനുമായ പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ എന്തെങ്കിലും ശുപാർശയില്ലാത്തവർക്ക് സിനിമ കാണുക പ്രയാസകരമാണ്. ഒരു ദിവസം മുമ്പേ സീറ്റുകൾ റിസർവു ചെയ്യാം. രാവിലെ എട്ടു മണിക്ക് മുൻകൂറായി പഠിച്ചുണ്ടാക്കിയ ലിസ്റ്റുമായി പടം ബുക്കു ചെയ്യാനിരിക്കുമ്പോഴേക്ക് എല്ലാ സിനിമകളും ബുക്കിംഗ് ഫുൾ എന്നാണ് കാണിക്കുക. രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ബുക്കിംഗ് ഫുള്ളാകുമെന്ന് കുറിപ്പിൽ പറയുന്നു.
അതേസമയം, ചില പ്രിവിലേജ്ഡ് ഡെലിഗേറ്റുകൾക്ക് 3 മിനിറ്റിൽ ബുക്കിംഗ് തീരില്ല. അവർക്ക് പ്രത്യേക ക്വാട്ടയുണ്ട്. പടങ്ങൾ പരതി ബുക്കു ചെയ്യാനുള്ള സാവകാശവും ഉണ്ടെന്ന് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
രജിസ്റ്റർ ചെയ്യാലും ഇല്ലെങ്കിലും തിയറ്ററിലെത്തി ക്യൂ നിൽക്കണം. ബുക്കു ചെയ്ത പടത്തിന് ഒന്നാമത്തെ ആളായി വരിനിന്ന് കേറിയാൽ തിയറ്ററിനകത്ത് 100-150 പ്രിവിലേജ്ഡുകാർ എങ്കിലും ഇരിക്കുന്നുണ്ടാകും. തിയറ്ററിലെത്തിയാൽ ഒന്നോ രണ്ടോ റോ മുഴുവൻ ‘അതിഥികൾ’ക്കായി പിടിച്ചിട്ടിരിക്കുകയാണ്. കമ്മിറ്റി അംഗങ്ങൾ, അവർ ശുപാർശ ചെയ്യുന്ന ആളുകൾ, വിവിധ സിനിമകളുടെ സംവിധായകരും മറ്റും ശുപാർശ ചെയ്യുന്നവർ ഒക്കെയാണ് ഈ അതിഥികൾ.
പടത്തിന് രജിസ്റ്റർ ചെയ്ത്, ഏറെ നേരം വരിനിന്ന് തിയറ്റിലെത്തുമ്പോഴേക്ക് നല്ല സീറ്റൊക്കെ നിറഞ്ഞിരിക്കും. പടത്തിന് രജിസ്റ്റർ ചെയ്യാതെ റഷ് ലൈനെ ആശ്രയിക്കുന്നവർക്ക് ഒന്നര മണിക്കൂറൊക്കെ വരി നിന്നാലും സീറ്റു കിട്ടാത്ത അവസ്ഥയുമുണ്ടെന്നും വിമർശനമുണ്ട്.
ഫസ്റ്റ് കം ഫസ്റ്റ് സെർവ് എന്ന രീതിയിൽ എല്ലാ ഡെലിഗേറ്റ്സിനെയും ഒരുപോലെ കാണുന്നതാണ് ചലച്ചിത്രമേളയുടെ ഭംഗിയും അന്തസ്സും. ഓൺലൈൻ രജിസ്ട്രേഷൻ ആണെങ്കിൽ ശുപാർശക്കാരെ പരിഗണിക്കാതെ എല്ലാവർക്കും തുല്യ അവസരം കൊടുക്കണം. പലവിധ സ്പെഷ്യൽ പാസുകൾക്കു പുറമെ പലയിടത്തും തിയറ്റർ ജീവനക്കാരും സംഘാടകരും അവരുടെ സിൽബന്തികൾക്ക് തോന്നിയപോലെ പ്രവേശനം അനുവദിക്കുന്ന പ്രശ്നവും ഉണ്ട്. 20-25 സീറ്റൊക്കെയാണ് അതിഥികൾ എന്ന വരേണ്യവിഭാഗത്തിനായി മാറ്റി വയ്ക്കുന്നത്.
ചലച്ചിത്രമേളയിൽ വളണ്ടിയർമാരായി എത്തിയ കുട്ടികൾക്ക് വേണ്ടത്ര പരിശീലനം കൊടുക്കാത്ത പ്രശ്നവും ഉണ്ട്. പലപ്പോഴും ഷെഡ്യൂൾ താളംതെറ്റുന്നു. പോസ്റ്റ് ഷോ ഡിസ്കഷനുകൾ സമയത്തിന് തീർക്കാനാകാതെ അടുത്ത സിനിമകളെ ബാധിക്കുന്നു. തിയറ്ററിൽ പാതിപോലും ആളു കയറാതെ നേരെ സിനിമകൾ തുടങ്ങുന്നു. രജിസ്ട്രേർഡ്, അൺരജിസ്ട്രേഡ് ലൈനുകളിൽ നിൽക്കുന്ന ഡെലിഗേറ്റ്സിനോട് മര്യാദവിട്ടു പെരുമാറുന്നു. തിയറ്റർ തോറും നിയമങ്ങൾ മാറുന്നു. സമാധാനത്തോടെ സിനിമ കാണാവുന്ന ഇടമല്ലാതായി ഐ എഫ് എഫ് കെ മാറിയിരിക്കുന്നു എന്നും ലേഖകൻ പരിതപിക്കുന്നു.
അടുത്ത തവണ വരുന്നുണ്ടേൽ ഡെലിഗേറ്റ് പാസിനു പകരം ഒരു ശുപാർശപ്പാസ് സംഘടിപ്പിക്കണം എന്ന പരിഹാസരൂപേണ അവസാനിക്കുന്ന ലേഖനത്തിൽ, ‘ഏരീസ് പ്ലക്സിൽ ടിക്കറ്റു ബുക്കു ചെയ്ത്, ഒരു മണിക്കൂർ ക്യൂ നിന്ന് ഒന്നാമതായി കടന്നു ചെന്നപ്പോൾ തിയറ്ററിനകത്തു കണ്ട ശുപാർശപ്പുരുഷാരം‘ എന്ന തലക്കെട്ടിൽ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.