ഷിക്കാഗോ : വിസ്കോൺസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ വെടിവയ്പ്പ് . കൗമാരക്കാരന്റെ വെടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംശയിക്കുന്നയാളെ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കണ്ടെത്തി.
കിൻ്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലാണ് ആക്രമണം നടന്നത്.വെടിവെപ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും ബാർൺസ് പറഞ്ഞു.വെടിയുതിർത്തത് 17 വയസ്സുള്ള പെൺകുട്ടിയാണെന്നും റിപ്പോർട്ട് ഉണ്ട്.
അക്രമത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല, സ്കൂളിനുള്ളിലെ ഒരു സ്ഥലത്താണ് അക്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
കെ-12 സ്കൂൾ ഷൂട്ടിംഗ് ഡാറ്റാബേസ് വെബ്സൈറ്റ് പ്രകാരം യുഎസിൽ ഈ വർഷം 322 സ്കൂൾ വെടിവയ്പുകൾ ഉണ്ടായിട്ടുണ്ട്. ഡാറ്റാബേസ് അനുസരിച്ച് 1966 ന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ കണക്കാണിത് . കഴിഞ്ഞ വർഷത്തെ മൊത്തം വെടിവയ്പുകൾ 349 എണ്ണമാണ്.