തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും, എഡിജിപി എസ്. ശ്രീജിത്തിനെയും ശബരിമലയിൽ നിന്ന് മനഃപൂർവ്വം മാറ്റി നിർത്തിയതായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തൽ . പാർട്ടിയിലും ഭരണ നേതൃത്വത്തിലും ഉയർന്ന സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും പത്മകുമാർ പറയുന്നു.
മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായ പത്മകുമാറിന്റെ ഈ വെളിപ്പെടുത്തൽ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ പുറത്തുവരുമെന്ന് സൂചനയുണ്ട്. 2019 ജനുവരി 1 ന് മകരവിളക്ക് തീർത്ഥാടന വേളയിലാണ് യുവതികൾ ശബരിമലയിൽ പ്രവേശിച്ചത് . പദ്മകുമാർ പറയുന്നതനുസരിച്ച്, ആ ദിവസം, അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിനെയും സന്നിധാനത്തുനിന്ന് മാറ്റി. പോലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി എത്താനാണ് ഇദ്ദേഹത്തോട് നിർദേശിച്ചത്. താൻ സന്നിധാനത്തേക്ക് പോകുമ്പോൾ, ഭരണനേതൃത്വത്തിലുള്ള ഓഫീസിലെ ഒരു ഉന്നതൻ തന്നോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു.
പാർട്ടിയിലും ഭരണത്തിലും വലിയ സ്വാധീനമുള്ള ഉന്നത ഉദ്യോഗസ്ഥനെ കാണണമെന്നായിരുന്നു അദ്ദേഹം അഭ്യർത്ഥിച്ചത്. പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരത്ത് എത്തി നേതാവിന്റെ വസതിയിൽ പോയി, പക്ഷേ അകത്തേക്ക് പോകാൻ അനുവദിച്ചില്ല. തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ട ആളെ വിളിച്ചെങ്കിലും അദ്ദേഹവും തന്റെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്തില്ല. താൻ കാണാനെത്തിയ ഉദ്യോഗസ്ഥൻ രാവിലെ 5 മണിക്ക് പ്രഭാത നടത്തത്തിനായി പുറത്തിറങ്ങുമെന്ന് പോലീസ് അറിയിച്ചു.
പദ്മകുമാർ തിരുവനന്തപുരത്തെ സ്വന്തം വീട്ടിൽ താമസിച്ചു, പുലർച്ചെ 5 മണിക്ക് ഉണർന്ന് നേരെ നേതാവിന്റെ വീട്ടിലേക്ക് പോയി. ഇതിനിടെയാണ് “സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു” എന്ന വാർത്തകൾ കണ്ടത്. ബിന്ദു അമ്മിണിയും കനകദുർഗയും ദർശനം നടത്തി. പിന്നീട് രാഷ്ട്രീയ നേതാവിനെ കണ്ട പത്മകുമാർ സംഭവത്തിൽ തന്റെ രോഷം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. പത്തനംതിട്ടയിൽ തിരിച്ചെത്തിയ ശേഷം, പത്മകുമാർ തന്റെ അടുത്ത അനുയായിയോട് മുഴുവൻ സംഭവവും വെളിപ്പെടുത്തി. ദേവസ്വം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ പോലും അദ്ദേഹം പദ്ധതിയിട്ടു. പിന്നീട്, പദ്മകുമാർ നേതൃത്വത്തിൽ നിന്ന് അകന്നു നിൽക്കുകയും താമസിയാതെ പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

