ഡബ്ലിൻ: സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ പിന്തുണയ്ക്കുന്നതിനായുള്ള സഹായപദ്ധതിയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കൽ ഇന്ന് മുതൽ ആരംഭിക്കും. എല്ലാ വർഷം ജൂൺ മുതൽ സെപ്തംബർ വരെയാണ് പദ്ധതി നടപ്പിലാക്കുക. ബാക്ക് ടു സ്കൂൾ ക്ലോത്തിംഗ് ആൻഡ് ഫൂട്വെയർ അലവൻസ് എന്ന പേരിലാണ് സർക്കാരിന്റെ ഈ പദ്ധതി അറിയപ്പെടുന്നത്.
കുട്ടികളുടെ സ്കൂൾ പഠനത്തിനായി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. സ്കൂളിലേക്കുള്ള യൂണിഫോം, മറ്റ് വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് പണം നൽകുന്നത്. ഒറ്റത്തവണയായിട്ടാണ് ഈ പദ്ധതിയുടെ പേയ്മെന്റ്. രണ്ട് മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പദ്ധതിയ്ക്ക് കീഴിൽ 160 യൂറോയാണ് ലഭിക്കുക. 12 മുതൽ 22 വയസ്സുവരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് 285 യൂറോയും ലഭിക്കും.

