ശബരിമല : സന്നിധാനത്ത് തിരക്ക് കുറഞ്ഞു . പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ നിറഞ്ഞ് ആളുണ്ടായിരുന്നു . എന്നാൽ 6.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. നടപ്പന്തലിൽ രണ്ടു വരി ക്യു നിൽക്കാനുളള തീർഥാടകരേ ഉള്ളു.എന്നാൽ ഗുരുവയൂർ ഏകാദശി കഴിയുമ്പോൾ വീണ്ടും ഭക്തരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത് .
അതേസമയം അഗസ്ത്യാർകൂടത്തിലെ വനവാസികൾ അയ്യപ്പദർശനം തേടിയെത്തി. തേൻ, കാട്ടുപൂക്കൾ , കദളിപ്പഴം എന്നിവയുമായാണ് ഇവർ എത്തിയത് .തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെ കാണാൻ വന വിഭവങ്ങളുമായി എത്തിയത്.
ഇത്തവണത്തെ മണ്ഡലകാലത്ത് അയ്യപ്പസ്വാമിയുടെ സ്വർണ ലോക്കറ്റ് തയ്യാറാക്കാനൊരുങ്ങുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു ഗ്രാം, രണ്ട് ഗ്രാം, നാല് ഗ്രാം, ആറ് ഗ്രാം, എട്ട് ഗ്രാം എന്നിങ്ങനെ തൂക്കമുള്ള അയ്യപ്പസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റുകളാണ് വിൽപ്പനയ്ക്ക് എത്തുക.