ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് തായ് ഗായിക മരിച്ചു . വടക്ക് കിഴക്കൻ ഉഡോൻ താനി നഗരത്തിനു സമീപമാണ് സംഭവം. 20-കാരിയായ ചയാദ പ്രാവോ ഹോമയുടെ രക്തത്തിലെ അണുബാധയും തലച്ചോറിലെ വീക്കവുമാണ് മരണകാരണം.
തോൾ വേദനയെ തുടർന്ന് ഒക്ടോബർ മാസത്തിലായിരുന്നു ഇവർ മസാജിനായി പാർലറിലെത്തിയത്. അന്ന് കഴുത്ത് പെട്ടെന്ന് വെട്ടിത്തിരിച്ചുള്ള മസാജ് ചെയ്തു . അതിനു പിന്നാലെ ചയാദയ്ക്ക് പിൻ കഴുത്തിൽ വേദന അനുഭവപ്പെട്ടിരുന്നു. . ഇതിനിടയിൽ രണ്ടാം സെഷനിലും പങ്കെടുത്തു. തുടർന്ന് ആരോഗ്യം കൂടുതൽ വഷളാവുകയായിരുന്നു. നവംബർ ആറിനായിരുന്നു അവസാന സെഷൻ . ഇതിൽ പങ്കെടുത്തതോടെ രണ്ടാം ദിവസം ശരീരത്തിലാകെ കഠിനമായ വേദനയും, വീക്കവും അനുഭവപ്പെട്ടു. വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു.
നവംബർ പകുതിയോടെ 50 ശതമാനത്തിലേറെ തളർന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ അണുബാധയുണ്ടായതായും മസ്തിഷ്കത്തിൽ വീക്കമുള്ളതായും കണ്ടെത്തിയത്. ചികിത്സയിലായിരുന്ന ചയാദ ഞായറാഴ്ച മരണത്തിനു കീഴടങ്ങി.
സംഭവത്തിന് പിന്നാലെ പബ്ലിക് ഹെൽത്ത് ഓഫിസ് അധികൃതർ മസാജ് പാർലറിൽ പരിശോധന നടത്തി. പാർലറിലെ ഏഴ് മസാജർമാരിൽ രണ്ട് പേർക്ക് മാത്രമാണ് ലൈസൻസുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.