ഹൈദരാബാദ് : ലോൺ ആപ്പിൽ കുടുങ്ങി നവവരൻ ജീവനൊടുക്കി. വിശാഖപട്ടണത്തെ മഹാറാണിപേട്ടിലാണ് ദാരുണമായ സംഭവം . സുരദ നരേന്ദ്രൻ എന്ന 21 കാരനാണ് ലോൺ ആപ്പ് കമ്പനിയുടെ പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയത് .
40 ദിവസം മുൻപാണ് സുരദ നരേന്ദ്രൻ താൻ പ്രണയിച്ചിരുന്ന യുവതിയെ വിവാഹം കഴിച്ചത് . ചെറിയ ജോലികൾ ചെയ്താണ് ഇരുവരും ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ സുരദ നരേന്ദ്രൻ ലോൺ ആപ്പ് വഴി എടുത്ത വായ്പ്പ കുറെശെയായി തിരിച്ചടക്കുന്നുണ്ടായിരുന്നു . എന്നാൽ അവസാന ഗഡുവായ രണ്ടായിരം രൂപ അടക്കാൻ പറ്റാതെ വന്നതോടെ ലോൺ ആപ്പ് കമ്പനി യുവാവിനെ പീഡിപ്പിക്കാൻ തുടങ്ങി. യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇയാളുടെ കുടുംബാംഗങ്ങൾക്കും ഭാര്യയ്ക്കും അയച്ചുകൊടുത്തു. ഉടൻ പണം നൽകണമെന്നും അല്ലാത്തപക്ഷം കൂടുതൽ ഫോട്ടോകൾ അയക്കുമെന്നും ഭീഷണിപ്പെടുത്തി.
ഭീഷണിയ്ക്ക് പിന്നാലെ പലർക്കും മോർഫിംഗ് ഫോട്ടോകൾ അയച്ചു. ഇതിൽ മനം നൊന്ത് കഴിഞ്ഞ ദിവസം രാത്രി നരേന്ദ്രൻ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.