തിരുവനന്തപുരം : സി പി എം വിട്ട് ബിജെപിയിൽ ചേർന്ന മുന്‍ ഏരിയാ സെക്രട്ടറി മധു മുല്ലശേരിക്കെതിരെ പൊലീസില്‍ പരാതി നല്കി സിപിഎം.
സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം നല്കിയില്ലെന്നതാണ് പരാതി. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമ്മിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതി. എന്നാല്‍ സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്ന് മധു മുല്ലശേരി വെളിപ്പെടുത്തി.
സി പി എമ്മുമായി അകന്ന മധു മുല്ലശേരി മകന് മിഥുന് മുല്ലശ്ശേരിക്കൊപ്പമാണ് ബിജെപിയില്‍ അംഗമായത്. 42 വര്‍ഷം സി പി എമ്മില്‍ പ്രവര്‍ത്തിച്ച് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച മധു മുല്ലശേരി ബി ജെ പിയില്‍ ചേര്‍ന്നത് സി പി എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധു നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണെന്നും അതിന് കൂട്ടു നിൽക്കാൻ തനിക്കാവില്ലെന്നും മധു മുല്ലശ്ശേരി പറഞ്ഞിരുന്നു