ബെംഗളൂരു: അല്ലു അര്ജുന് നായകനായ പുഷ്പ 2 റിലീസിനിടെ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച് ആഘോഷിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബെംഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം.
അതേസമയം ബംഗലൂരുവില്‍ പുഷ്പ-2 വിന്റെ അര്‍ധരാത്രിക്കു ശേഷമുള്ള സിനിമാപ്രദര്‍ശനം വിലക്കി. രാവിലെ 6.30 ന് മുമ്പായി നഗരത്തിലെ ഒരു തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കരുതെന്നാണ് ബംഗലൂരു ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റും പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
സിനിമാപ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രം ഇന്നാണ് ലോകമെമ്പാടും റിലീസ് ചെയ്തത് . ഹൈദരാബാദിൽ ചിത്രം റിലീസായ തിയേറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 39-കാരി മരണപ്പെട്ടിരുന്നു.
ദിൽഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ പരിക്കുകളോടെ ചികിത്സയിലാണ്. റിലീസിന് മുന്നോടിയായി തീയേറ്ററിന് മുന്നിൽ പോലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശി. തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ട് വീണ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.