ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിന് ശേഷവും, കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ മാരത്തൺ ചർച്ചകൾ അന്തിമ തീരുമാനമില്ലാതെ അവസാനിച്ചതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും മുറുമുറുപ്പ്.
ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അതിനായി പാർട്ടിക്ക് മെയ് 23 വരെ സമയമുണ്ടെന്നും യോഗത്തിന് ശേഷം, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി പറഞ്ഞു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംയുക്തമായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ വിവിധ നേതാക്കളുടെ പിന്തുണക്കാരുടെ പരസ്യ പ്രകടനങ്ങളിലും “ശക്തിപ്രകടനത്തിലും” രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ, നിലവിലെ അസ്ഥിരമായ അന്തരീക്ഷത്തിൽ പ്രഖ്യാപനം അസാധ്യമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
എല്ലാ പൊതു പ്രകടനങ്ങളും ഉടൻ നിർത്താൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ ഇടപെടലിനെത്തുടർന്ന്, വേണുഗോപാലും സതീശനും ചെന്നിത്തലയും പ്രവർത്തകരോട് സംയമനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചു. ഏതെങ്കിലും പ്രത്യേക വ്യക്തിയെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രകടനങ്ങൾ നടത്തരുതെന്നും നേതാക്കൾ അനുയായികളോട് വ്യക്തമായി നിർദ്ദേശിച്ചു. സംസ്ഥാനത്തുടനീളമുള്ള ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും ഉടൻ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

