തിരുവനന്തപുരം : വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം . കോട്ടയം കുറുപ്പന്തറയിലാണ് കോൺഗ്രസ് പ്രവർത്തകൻ ഫ്രാൻസിസ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസുകാർ ഇടപെട്ടാണ് ഫ്രാൻസിസിനെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചത് .
കെസി വേണുഗോപാലിനെ അനുകൂലിച്ച് കെ പി സി സി ആസ്ഥാനത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ ഫ്ലക്സിൽ ഒരുവിഭാഗം പാലഭിഷേകവും നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന് മുമ്പിലും കെ.സിയുടെയും, തൊട്ടടുത്തായി വി.ഡി. സതീശന്റെയും ഫ്ലക്സും ഉയർന്നിട്ടുണ്ട്.
വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പ്രകടനങ്ങൾ നടന്നിരുന്നു.ആലുവയിൽ വി.ഡി സതീശൻ അനുകൂലികൾ വാഹനത്തിൽ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം വി.ഡി. സതീശനുവേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തിയിരുന്നു.

