പത്തനംതിട്ട ; നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും സാരമായി പരുക്കേറ്റിരുന്നു. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരിക്കുണ്ട്.
1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.
എംജി കോളജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിന്റെ സീനിയറായിരുന്നു. മോഹൻലാലുമായുള്ള കോളജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്.

