ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തീരംതൊട്ടു . ശനിയാഴ്ച വൈകിട്ട് പുതുച്ചേരിക്ക് സമീപമാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ചെന്നൈയിലും തമിഴ്നാടിന്റെ കിഴക്കൻ തീര പ്രദേശങ്ങളിലും കനത്ത മഴ തുടരുമെന്നാണ് വിവരം. കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി. കനത്ത മഴയെ തുടർന്ന് ചെമ്പരമ്പാക്കം തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്.അതേസമയം ചെന്നൈയിലെ മഴക്കെടുതിക്കിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു . യുപി സ്വദേശികളായ രണ്ട് പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
റോഡ്, ട്രെയിൻ ഗതാഗതവും സ്തംഭിച്ചു. അതിശക്തമായ വേഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. ഞായറാഴ്ച പുലർച്ചെ നാല് മണി വരെ ചെന്നൈ എയർപോർട്ടിന്റെ പ്രവർത്തനം നിർത്തി വച്ചതായി അധികൃതർ പറഞ്ഞു. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി.
അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്നും , അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വരും മണിക്കൂറിൽ ചുഴലിക്കാറ്റ് രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. . ചെന്നൈ കോർപ്പറേഷനിൽ 329 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. തെക്കൻ ആന്ധ്രാപ്രദേശിലും മഴ ശക്തമാകുകയാണ് . തീരപ്രദേശത്തും , റായലസീമ മേഖലയിലുമാണ് മഴ ശക്തമാകുന്നത്.