ചെന്നൈ: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി . നാളെ ഉച്ചയോടെ കാരയ്ക്കലിനും ,മഹാബലിപുരത്തിനും ഇടയിൽ കര തൊടുമെന്നാണ് സൂചന . ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലും ,പുതുച്ചേരിയിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ് . സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലിന്റെ ഭാഗമായി രണ്ടായിരത്തി അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.ഈസ്റ്റ് കോസ്റ്റ് റോഡിലും പഴയ മഹാബലിപുരം റോഡിലും നവംബർ 30ന് ഉച്ചയ്ക്ക് ശേഷം പൊതുഗതാഗതം നിർത്തിവെക്കും
90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും തമിഴ്നാട് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.
ചെന്നൈ അടക്കം 6 ജില്ലകളിലെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നാളെ നടത്താനിരുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിപാടിയും റദ്ദാക്കി. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകിട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു.