പഞ്ചസാര ഇട്ട് ഒരു ചായ കുടിച്ചാൽ , അൽപ്പം ലഡു കഴിച്ചാൽ ഉടൻ ടെൻഷൻ ആകുന്നവർ നമുക്ക് ചുറ്റുമുണ്ട് . കാരണം വേറെയൊന്നുമല്ല . പ്രമേഹം തന്നെ . മുൻപ് പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് കരുതിയിരുന്ന പ്രമേഹം ഇന്ന് ആളും തരവും നോക്കാതെ എല്ലാവരെയും അറ്റാക്ക് ചെയ്യുന്നുണ്ട് . 1990 ൽ പ്രമേഹരോഗികളുടെ എണ്ണം 7 ശതമാനം മാത്രമായിരുന്നിടത്ത് 2022 ഓടെ അത് 14 ശതമാനമായി വർധിച്ചു. അതായത് 30 വർഷത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി.
ഇന്ന് 80 കോടിയിലേറെ പേർ പ്രമേഹരോഗികളാണെന്നും, സ്ഥിതിഗതികൾ മോശമാകുകയാണെന്നും ലോകപ്രശസ്ത ജേണലായ ‘ദി ലാൻസെറ്റിൽ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണം 130 കോടി കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ കണക്കുകൾ വെറും മുന്നറിയിപ്പ് മാത്രമല്ല തിരിച്ചറിവ് കൂടിയാകണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . അതേസമയം സമ്പന്നമായ രാജ്യങ്ങളിൽ പ്രമേഹരോഗികളുടെ തോത് കുറയുന്നതായും റിപ്പോർട്ടിൽ പറയുന്നു . 1000 ത്തിലേറെ പഴയ പഠനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല 14 കോടിയിലേറെ ജനങ്ങളുടെ ഡേറ്റയും ഇതിൽ ഉൾപ്പെടുന്നു.
1990 ൽ പ്രമേഹബാധിതരുടെ എണ്ണം 20 കോടി ആയിരുന്നത് 2022 ൽ 83 കോടിയായി ഉയർന്നു . 1980 ൽ മുതിർന്നവരിൽ പ്രമേഹത്തിന്റെ നിരക്ക് 4.7 ശതമാനം ആയിരുന്നു . ക്രമേണ അത് 8.5 ശതമാനമായി ഉയർന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇത്തരത്തിൽ പ്രമേഹം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് . അമിതവണ്ണവും , അമിതമായ , ക്രമമല്ലാത്ത ഭക്ഷണരീതികളുമാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണം.
സാധാരണയായി ചെറുപ്പത്തിലേ കണ്ടുവരുന്ന ടൈപ്പ്-1 പ്രമേഹം സ്ത്രീകളിൽ കൂടുതലാണ് . ഇന്ത്യയെയാണ് ‘ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്ന് വിളിക്കപ്പെടുന്നത് . ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളതും ഇന്ത്യയിലാണ്.2023 ൽ ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം 10 കോടി ആയിരുന്നു.