ന്യൂഡൽഹി : വോട്ടർ ഐഡികൾ ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ . യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുമായി ഇത് സംബന്ധിച്ച് സാങ്കേതിക കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 326 അനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം നൽകാൻ കഴിയൂ. ആധാർ കാർഡ് ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യക്തമാക്കുകയാണ് ചെയ്യുക . എന്നാൽ ഇന്ത്യയിലേയ്ക്ക് അനധികൃതമായി എത്തിയിരിക്കുന്ന ബംഗ്ലാദേശികൾ അടക്കമുള്ളവർ ആധാർകാർഡുകൾ സ്വന്തമാക്കുന്നതായി അന്വേഷണ ഏജൻസികൾ പലപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ നീക്കം .
ചൊവ്വാഴ്ച ന്യൂഡൽഹിയിലെ നിർവചൻ സദനിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) സെക്രട്ടറി, UIDAI സിഇഒ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC), ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
66.23 കോടി പേർക്കാണ് ഇന്ത്യയിൽ ആധാർ കാർഡുകൾ ഉള്ളത്. ഇന്ത്യയിൽ നിലവിൽ ഏകദേശം 99.2 കോടി വോട്ടർമാരുണ്ട്.