കണ്ണൂർ: പാപ്പിനിശ്ശേരിയിലെ പാറക്കലിൽ നാലുമാസം പ്രായമായ പെൺകുഞ്ഞിനെ കൊന്നത് ബന്ധുവായ 12 കാരി. മിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ പിതാവിന്റെ മൂത്ത സഹോദരിയുടെ മകളാണ് 12 വയസ്സുകാരി . മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടിയെ മാതൃസഹോദരനായ മുത്തുവും, ഭാര്യയും ഒപ്പം കൂട്ടുകയായിരുന്നു.
കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമെന്ന് കരുതിയാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടി പറഞ്ഞത്. തിങ്കളാഴ്ച രാത്രി ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങിയപ്പോഴാണ് കുഞ്ഞ് മാതാപിതാക്കളുടെ അരികിൽ ഉറങ്ങുന്നത് കണ്ടതെന്നും, തുടർന്നാണ് കുഞ്ഞിനെ കിണറ്റിൽ ഇട്ടതെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പിന്നീട് പെൺകുട്ടി തന്നെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മുത്തുവിനെ വിളിച്ചുണർത്തിയതും.
പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ അതേ വളപ്പിൽ താമസിക്കുന്ന മറ്റ് തൊഴിലാളികളെ ഉണർത്തി, തിരച്ചിൽ ആരംഭിച്ചു. അർദ്ധരാത്രിയോടെ, അയൽക്കാരിൽ ഒരാളാണ് അവരുടെ വീടിന് 10 മീറ്റർ പിന്നിലുള്ള കിണറ്റിൽ കുട്ടിയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്.