നാഗ്പൂർ : മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിനു പിന്നാലെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളിലും കർഫ്യൂ ഏർപ്പെടുത്തി . പതിനേഴാം നൂറ്റാണ്ടിലെ ചക്രവർത്തിയുടെ ശവകുടീരം ഇപ്പോൾ ഛത്രപതി സംഭാജിനഗർ ജില്ല എന്നറിയപ്പെടുന്ന ഔറംഗബാദിലാണ്.
കോട്വാലി, ഗണേഷ്പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാഡ, യശോധരനഗർ, കപിൽനഗർ പോലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ കർഫ്യൂ ബാധകമാണ്. . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ നിലനിൽക്കും.
മഹാരാഷ്ട്രയിൽ നിന്ന് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും അനുയായികൾ ഇന്നലെ നാഗ്പൂരിലെ മഹൽ പ്രദേശത്തുള്ള ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം ഒത്തുകൂടിയിരുന്നു.
അതിനു പിന്നാലെ ഇന്നലെ വൈകുന്നേരം, ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള നൂറോളം ആളുകൾ അക്രമാസക്തരായി പോലീസിന് നേരെ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ലാത്തിചാർജും കണ്ണീർവാതകവും ഉൾപ്പെടെ പോലീസ് നേരിയ ബലപ്രയോഗം നടത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. 12 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.