തിരുവനന്തപുരം : ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു . 78 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു.
നാടകഗാനങ്ങളിലൂടെ ഗാനരചന രംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട് . ഹരിഹരൻ ചിത്രങ്ങൾക്കാണ് അദ്ദേഹം കൂടുതൽ പാട്ടുകൾ രചിച്ചിട്ടുള്ളത്. ഇളം മഞ്ഞിൻ കുളിരുമായി, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങിയ പ്രേക്ഷകപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
ദേവരാജൻ, എ ആർ റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, കീരവാണി, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം മങ്കൊമ്പ് ഗോപാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
ഗാനരചനയ്ക്ക് പുറമെ സൂപ്പർ ഹിറ്റ് അന്യഭാഷ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കൂടാതെ പത്തിലേറെ സിനിമകൾക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്.
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ മൂന്ന് മക്കളും, ബാലചന്ദ്രൻ ചുള്ളിക്കാടും മരണസമയം ആശുപത്രിയിൽ ഉണ്ടായിരുന്നു.