മുംബൈ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി .മൈക്രോസെഫാലി എന്ന അപൂർവമായി കാണുന്ന ഒരു സങ്കീർണതയാണ് ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത് . ഇതിനെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി 28 കാരി കോടതിയെ സമീപിച്ചത്.
ഈ അവസ്ഥയിൽ കുഞ്ഞിന്റെ തലയുടെ വലുപ്പം ചെറുതായിരിക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും വികാസത്തെയും ഇതു ബാധിക്കും. ഇത് കുഞ്ഞിന്റെ കേൾവിയെയും കാഴ്ചയെയും സംസാരശേഷിയെയും ബാധിക്കാറുണ്ട്. ബുദ്ധിമാന്ദ്യത്തിനും ഇതു കാരണമാകാറുണ്ട്.ജെജെ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഏകകണ്ഠമായി ഗർഭഛിദ്രത്തിന് ശുപാർശ ചെയ്തിരുന്നു. കുട്ടിക്ക് അപസ്മാരം, ബുദ്ധിമാന്ദ്യം, നടക്കാൻ ബുദ്ധിമുട്ട്, കാഴ്ച വൈകല്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ബോർഡ് അറിയിച്ചു.
സ്ത്രീയുടെ പ്രത്യുത്പാദന അവകാശങ്ങൾ, ശാരീരിക സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള അവകാശം എന്നിവ കണക്കിലെടുത്ത് മെഡിക്കൽ ബോർഡിന്റെ അഭിപ്രായം അംഗീകരിച്ചുകൊണ്ടാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.