കൊച്ചി: മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പരാതി നൽകി നടൻ ബാല . എലിസബത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്റെ ഇമേജിനു മങ്ങലേൽപ്പിച്ചതായി ആരോപിച്ചാണ് ബാല പരാതി നൽകിയിരിക്കുന്നത് . ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയാണ് പരാതി നൽകിയത് . എലിസബത്തിനെ കൂടാതെ, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സും തങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തിയതായി ബാലയും കോകിലയും ആരോപിച്ചു.
എലിസബത്ത് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തതായും പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് യൂട്യൂബ് ചാനലിൽ തനിക്കെതിരെ അപമാനകരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതായും ബാല തന്റെ പരാതിയിൽ ആരോപിച്ചു. 2023 സെപ്റ്റംബർ 8 ന് എലിസബത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതായും, എന്നിട്ടും സോഷ്യൽ മീഡിയ വഴി തങ്ങളെ ഉപദ്രവിക്കുന്നുവെന്നും പരാതി നൽകിയ ശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.
“ചിലർ സോഷ്യൽ മീഡിയ വഴി എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കുന്നു. ഇത് ഒരു വെബ് സീരീസ് പോലെയാണ്. ഞാൻ ഒരു ബലാത്സംഗിയാണോ?, ഒന്നര വർഷം എനിക്ക് എങ്ങനെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ കഴിയും? എനിക്ക് ലിവർ ട്രാൻസ്പ്ലാൻറേഷൻ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്റെ ശസ്ത്രക്രിയ സമയത്ത് എലിസബത്ത് എവിടെയായിരുന്നുവെന്ന് ആർക്കും അറിയില്ല. ഒന്നര വർഷത്തിന് ശേഷം അവർ എനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി, ”ബാല പറഞ്ഞു.
പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ബാല പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരെ അധിക്ഷേപകരമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ബാലയുടെ ഭാര്യ കോകില മാധ്യമങ്ങളോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തെ ലക്ഷ്യം വച്ചുള്ള ആക്രമണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.