കൊച്ചി : സിനിമാ കലാകാരന്മാരുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വനിത . ശ്വേത മേനോനാണ് ഇനി അമ്മയുടെ അമരത്ത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസ്സനും ചുമതലയേൽക്കും.
നടൻ ദേവനെ 127 നെതിരെ 159 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനം നേടിയത്.
സംഘടനയിലെ 500 അംഗങ്ങളിൽ 298 പേർ ഇത്തവണ വോട്ട് ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 357 വോട്ടുകളിൽ നിന്ന്ഏറെ കുറവാണിത്. . ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ രവീന്ദ്രനെ 115 നെതിരെ 172 വോട്ടുകൾ നേടി പരാജയപ്പെടുത്തി.
ട്രഷററായി ഉണ്ണി ശിവപാൽ 167 വോട്ടുകൾ നേടി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അനൂപ് ചന്ദ്രൻ 108 വോട്ടുകൾ നേടി. വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ജയൻ ചേർത്തല , ലക്ഷ്മിപ്രിയ എന്നിവർ നേടി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ സരയു മോഹൻ , അഞ്ജലി നായർ , ആശ അരവിന്ദ് , നീന കുറുപ്പ്, കൈലാഷ് , സന്തോഷ് കീഴാറ്റൂർ ടിനി ടോം , ജോയ് മാത്യു , വിനു മോഹൻ , ഡോ. റോണി ഡേവിഡ് രാജ് , സിജോയ് വർഗീസ് എന്നിവർ ഉൾപ്പെടുന്നു.
താരസംഘടനയുടെ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത് നടൻ ദേവനാണ്. ഇതാണ് അമ്മയുടെ സ്പിരിറ്റ് എന്ന് പറഞ്ഞാണ് ശ്വേതയുടെ എതിർസ്ഥാനാർത്ഥിയായിരുന്ന ദേവനെ സത്യവാചകം ചൊല്ലിക്കൊടുക്കാനായി ജഗദീഷ് ക്ഷണിച്ചത്.

