ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് ബോംബ് ഭീഷണി . ദ്വാരക സെക്ടർ 16 ലെ സിആർപിഎഫ് പബ്ലിക് സ്കൂൾ, ചാണക്യപുരിയിലെ നേവി സ്കൂൾ എന്നിവയ്ക്കാണ് ഭീഷണി ഉയർന്നത് . ഇമെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത് .
ഇമെയിൽ ലഭിച്ചതിനെ തുടർന്ന് പോലീസും, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, മറ്റ് ഏജൻസികൾ എന്നിവരും സ്ഥലത്തെത്തി സമഗ്ര പരിശോധന നടത്തി . പരിശോധനയില്‍ ഇതുവരെ സംശയാസ്പദനമായ ഒന്നും കണ്ടെത്തിയിട്ടില്ല . ഈ വർഷം ഫെബ്രുവരിയിൽ, ഡൽഹിയിലെ ഒരു സ്വകാര്യ സ്കൂളിനും ഡൽഹി യൂണിവേഴ്സിറ്റി (ഡിയു) കോളേജിനും ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു. അത് വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
മെയ് മാസത്തിൽ, ഡൽഹി ഹൈക്കോടതി നിർദ്ദേശങ്ങളെത്തുടർന്നും ദേശീയ, തദ്ദേശ ഏജൻസികളുമായി ഏകോപിപ്പിച്ചും ഡൽഹി സ്കൂളുകളിലെ ബോംബ് ഭീഷണികൾ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DoE) 115 പോയിന്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) പുറപ്പെടുവിച്ചു. സർക്കാർ, എയ്ഡഡ്, ന്യൂനപക്ഷ, അംഗീകൃത അൺഎയ്ഡഡ് സ്വകാര്യ സ്കൂളുകൾക്ക് ഈ SOP ബാധകമാണ്.
പോലീസ് സ്കൂളുകളിൽ മോക്ക് ഡ്രില്ലുകൾ നടത്തുകയും നിരീക്ഷണം ഏർപ്പെടുത്തുകയും വേണം. പോലീസുമായും ദുരന്തനിവാരണ സേവനങ്ങളുമായും ഏകോപിപ്പിച്ച് സ്കൂൾ മേധാവികൾ അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യണം . അധ്യാപകരും വിദ്യാർത്ഥികളും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണം എന്നിവയാണ് പ്രധാനപ്പെട്ട നടപടികൾ.

