ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും ആക്രമണം. സൈനിക നിരീക്ഷണത്തിലായിരുന്ന വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ ആക്രമണം നടത്തിയതായും 30 ഓളം പേർ കൊല്ലപ്പെട്ടതായും സൈനിക വക്താവ് കേണൽ മേജർ സൗലൈമാൻ ഡെംബെലെ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും സ്വർണ്ണ ഖനിയിൽ ജോലി ചെയ്തിരുന്നവരാണ്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഏറ്റവും വലിയ നഗരമായ ഗാവോയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നത് . ഭരണകൂടത്തെ എതിർക്കുന്ന സായുധ ഗ്രൂപ്പുകൾ അവിടെ സജീവമാണ്. ഈ വർഷം സാധാരണക്കാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പറയപ്പെടുന്നു.
ആക്രമണകാരികൾ 60 ഓളം വാഹനങ്ങളെയാണ് ലക്ഷ്യം വച്ചതെന്ന് മേജർ സൗലൈമാൻ ഡെംബെലെ പറഞ്ഞു. നിലവിൽ ഒരു ഗ്രൂപ്പും ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം, മാലിയുടെ സൈനിക ഭരണകൂടത്തെ എതിർക്കുന്ന അസവാദ് മേഖലയിലെ മറ്റ് ഗ്രൂപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ ഈ പ്രദേശത്ത് സജീവമാണെന്ന് പറയപ്പെടുന്നു.