നാഗ്പൂർ: ട്വന്റി 20 പരമ്പരയിലെ സ്ഥിരതയാർന്ന പ്രകടനം അതേപടി ആവർത്തിച്ച ഇന്ത്യക്ക്, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 47.4 ഓവറിൽ 248 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 38.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 251 റൺസെടുത്തു.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ചേർന്നാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ ടോട്ടലിൽ ഒതുക്കിയത്. ആദ്യ ഓവറിൽ 26 റൺസ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്ന റാണ, തന്റെ രണ്ടാം ഓവറിൽ 2 വിക്കറ്റുകൾ വീഴ്ത്തിയത് മത്സരത്തിൽ നിർണായകമായി. ട്വന്റി 20യുടെ ഹാംഗ്ഓവർ മാറാതെ ബാറ്റ് വീശിയ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ ലക്ഷ്യബോധമില്ലായ്മ കൃത്യമായി മുതലെടുത്താണ് ഇന്ത്യൻ ബൗളർമാർ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്ടൻ ജോസ് ബട്ട്ലർ 52 റൺസും ജേക്കബ് ബെഥേൽ 51 റൺസും ഓപ്പണർ സാൾട്ട് 26 പന്തിൽ 43 റൺസും നേടി.
ചേസിംഗിൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണത് ഇന്ത്യയെ ചെറുതായൊന്ന് സമ്മർദ്ദത്തിലാക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും ശ്രേയസ അയ്യരും ഒത്തുചേർന്നതോടെ മത്സരത്തിന്റെ നിയന്ത്രണം വീണ്ടും ഇന്ത്യയുടെ കൈകളിലായി. അയ്യർ 36 പന്തിൽ 59 റൺസുമായി മടങ്ങിയെങ്കിലും സ്ഥാനക്കയറ്റം കിട്ടി നേരത്തേ ഇറങ്ങിയ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് ഗിൽ സമചിത്തതയോടെ കളി മുന്നോട്ട് കൊണ്ടുപോയി.
അക്ഷർ പട്ടേൽ 52 റൺസെടുത്ത് പുറത്തായതിന് പിന്നാലെ രാഹുലും 87 റൺസെടുത്ത ഗില്ലും വീണുവെങ്കിലും, പിന്നീട് ഒത്തുചേർന്ന ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന് അനായാസം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ്, സാഖിബ് മഹ്മൂദ് എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി.