തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ . വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേരള സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കുന്നതിനായുള്ള കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ബാലഗോപാൽ പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളും മനസ്സിൽ വെച്ചുകൊണ്ട്, ബജറ്റിൽ ക്ഷേമ പദ്ധതികൾക്ക് മുൻഗണന നൽകുമെന്നാണ് സൂചന .
കിഫ്ബി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും . ഐടി പാർക്കുകൾ, വ്യാവസായിക കേന്ദ്രങ്ങൾ പോലുള്ള വാണിജ്യപരമായി ലാഭകരമായ പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.റോഡ് ടോൾ വർദ്ധനവ് പോലുള്ള പൊതുജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൂടാതെ, ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്
പെൻഷൻ 2,500 രൂപയായി ഉയർത്തുന്നതിന് 800 രൂപയുടെ വർദ്ധനവ് എൽഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, സാമ്പത്തിക പരിമിതികൾ ഇത് നടപ്പാക്കാൻ തടസമാണ്. എങ്കിലും, 200 രൂപയുടെ വർദ്ധനവ് സർക്കാർ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ, വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഫീസുകളും പിഴകളും പരിഷ്കരിക്കാൻ സാധ്യതയുണ്ട്