ന്യൂഡൽഹി : സിബിഎസ് ഇ 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള പോർട്ടലിൽ വീണ്ടും സാങ്കേതിക തകരാർ . ഇന്ന് മുതൽ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് . എന്നാൽ ഇതനുസരിച്ച് ശ്രമിച്ചാണ് പോർട്ടൽ തുറക്കാൻ കഴിയുന്നില്ലെന്ന് മനസിലായത്.
നേരത്തെയും സമാനമായ തകരാർ സൈറ്റിൽ അനുഭവപ്പെട്ടിരുന്നു. പുനർമൂല്യനിർണ്ണയത്തിനായി ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പ് ലഭിക്കാൻ അപേക്ഷിച്ചപ്പോഴാണ് സാങ്കേതിക തകരാർ ഉണ്ടായത്. പരീക്ഷയെഴുതിയ 17.68 ലക്ഷം പേരിൽ നാലു ലക്ഷത്തിലേറെ പേർ ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്.വിവിധ വിഷയങ്ങളിലായി 11.31 ലക്ഷം ഉത്തരക്കടലാസുകളാണ് കൈമാറിയത്. പുനർമൂല്യനിർണയം നടത്താൻ കൂട്ടത്തോടെ അപേക്ഷ വന്നാൽ പോർട്ടലിലെ പിഴവ് ആവർത്തിക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം മുതൽ ഉണ്ടായിരുന്നു.
അതിനിടെ സിബിഎസ് ഇ പരീക്ഷ ഫലപ്രഖ്യാപനത്തിൽ പിഴവ് സംഭവിച്ചതായി സിബിഎസ് ഇ ഒടുവിൽ സമ്മതിച്ചു. ഉത്തരക്കടലാസുകൾ ഡിജിറ്റർ രൂപത്തിലാക്കി മൂല്യനിർണ്ണയം നടത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് രീതിയിൽ പിഴവ് ഉണ്ടായി എന്നായി വിശദീകരണക്കുറിപ്പിൽ പറയുന്നത്.

