മലപ്പുറം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം കോൺഗ്രസിനാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ . സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലീഗ് നേതാവായ ശിഹാബ് തങ്ങൾ , നിലപാട് വ്യക്തമാക്കിയത്.
‘കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കും. എങ്കിലും, ഈ വിഷയത്തിൽ ലീഗുമായി ചർച്ചകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിൽ തർക്കങ്ങളുണ്ടാകുമെന്നും അത് ജനങ്ങൾക്ക് വെല്ലുവിളിയാകുമെന്നും ആശങ്കപ്പെടേണ്ടതില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇത്തരം ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസുമായി കൂടിയാലോചിച്ച ശേഷം മന്ത്രി സ്ഥാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കും. യോഗ്യതയുള്ളവർക്ക് മാത്രമേ ലീഗിൽ മന്ത്രി സ്ഥാനങ്ങൾ നൽകൂ.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വി ഡി സതീശന്റെ പ്രവർത്തനം മികച്ചതായിരുന്നു. കൃത്യമായ കാരണങ്ങളോടെ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിയും. വനിതാ സ്ഥാനാർത്ഥികളെ നിർത്തിയതിന് ലീഗിനെ വിമർശിച്ചവർക്കുള്ള മറുപടിയാണ് ഫാത്തിമ തഹിലിയയുടെ വിജയം. ഇത്തരം വിമർശനങ്ങൾക്ക് പ്രസക്തിയില്ലെന്ന് ജനങ്ങൾ തെളിയിച്ചിട്ടുണ്ട്. അനാവശ്യ വിവാദങ്ങൾക്ക് വേണ്ടിയല്ല, ഐക്യദാർഢ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ടുപോകുക,’ തങ്ങൾ പറഞ്ഞു.

