ടെൽ അവീവ് : ഇസ്രായേലിന്റെ പുതിയ പ്രതിരോധ മന്ത്രിയായി ഇസ്രായേൽ കാറ്റ്സ് അധികാരമേറ്റു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. അതേസമയം രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി ഗിഡിയൻ സാർ ചുമതലയേൽക്കും.
നേരത്തെ ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്സ്. ധനം, ഇന്റലിജൻസ്, ഊർജ്ജം,ഗതാഗതം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് . നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി അംഗവുമാണ് കാറ്റ്സ്.
രാജ്യത്തിന്റെ ശത്രുക്കളെ പൂർണമായും പരാജയപ്പെടുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാറ്റ്സ് പറഞ്ഞു. .കഴിഞ്ഞവർഷം ഒക്ടോബറിൽ ഗാസ സംഘർഷം ആരംഭിക്കും മുൻപ് ഗാലന്റിനെ നെതന്യാഹു സർക്കാർ പുറത്താക്കിയിരുന്നു . പിന്നീട് ജനരോഷത്തെ തുടർന്ന് തിരിച്ചു വിളിക്കുകയായിരുന്നു.
ഹമാസുമായുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ യോവ് ഗാലന്റിന് നിരവധി വീഴ്ചകൾ ഉണ്ടായതായി നെതന്യാഹു ആരോപിച്ചിരുന്നു. സൈനിക നേതൃത്വത്തിലെ പല കാര്യങ്ങളിലുമുള്ള അതൃപ്തി നെതന്യാഹു ചൂണ്ടിക്കാട്ടിയിരുന്നു .
സർക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകൾ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം രാജ്യയ്ക്ക് സുരക്ഷ തന്നെയാണ് താൻ എല്ലാക്കാലത്തും പ്രഥമ പരിഗണന നൽകിയതെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചിരുന്നു. അത് തന്നെയാണ് ജീവിതത്തിന്റെ ദൗത്യമെന്നും ഗാലന്റ് വ്യക്തമാക്കി.