തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരും. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്ത് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കർണാടക , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ , മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാകാൻ സാദ്ധത്യയുള്ള ഭാഗങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു . നദിക്കരകൾ , അണക്കെട്ടുകളുടെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നതായി ഉറപ്പ് വരുത്തണമെന്നും അറിയിപ്പുണ്ട്.
ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും ,മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം . മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കേണ്ടതുണ്ട് . വെള്ളച്ചാട്ടങ്ങൾ , ജലാശയങ്ങൾ , മലയോര മേഖലകൾ എന്നീ ഭാഗങ്ങളിലേയ്ക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.