ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് മുജിബുറഹ്മാന്റെ ചരിത്രപ്രസിദ്ധമായ വസതി അഗ്നിക്കിരയാക്കി മതമൗലികവാദികൾ . കനത്ത പ്രതിഷേധമാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്നത്. ധാക്കയിലെ ധൻമോണ്ടി 32-ാം നമ്പർ വീട് നമ്മുടെ രാഷ്ട്രപിതാവിന്റെ പ്രതീകമാണെന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകളുമായ ഷെയ്ഖ് ഹസീന പറഞ്ഞു.
‘ ഈ വസതിയിൽ നിന്നാണ് ഷെയ്ഖ് മുജീബുറഹ്മാൻ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കിയത്. പാകിസ്ഥാൻ സൈന്യം തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് ഈ വീട്ടിൽ നിന്നാണ്. എന്നാൽ പാകിസ്ഥാൻ സൈന്യം ഈ വീട് തകർക്കുകയോ തീയിടുകയോ ചെയ്തില്ല. അതിൽ തൊട്ടിട്ടുപോലുമില്ല. ഷെയ്ഖ് മുജീബുറഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹം രാജ്യത്തിന്റെ അടിത്തറ പാകിയതും ഇവിടെ നിന്നാണ്.
അധികാരമേറ്റെങ്കിലും ഞാൻ രാഷ്ട്രപതി ഭവനിലേക്ക് മാറുകയോ പ്രധാനമന്ത്രിയുടെ വസതിയിൽ താമസിക്കുകയോ ചെയ്തിട്ടില്ല. ഈ ആക്രമണങ്ങൾക്കിടയിലും അല്ലാഹു എന്നെ ജീവനോടെ നിലനിർത്തിയിട്ടുണ്ടെങ്കിൽ, ചില കാര്യങ്ങൾ ചെയ്യാനാണ്. എന്നെയും എന്റെ സഹോദരിയെയും കുറിച്ച് അവശേഷിച്ചിരുന്ന ഓർമ്മകൾ ഇപ്പോൾ മായ്ച്ചുകളഞ്ഞു . വീടുകൾ കത്തിക്കാം, പക്ഷേ ചരിത്രം മായ്ക്കാൻ കഴിയില്ല.മുഹമ്മദ് യൂനുസ് എന്നെയും എന്റെ സഹോദരിയെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
ബംഗ്ലാദേശിലെ ജനങ്ങളിൽ നിന്ന് ഞാൻ നീതി ആവശ്യപ്പെടുന്നു. എന്റെ രാജ്യത്തിനു വേണ്ടി ഞാൻ ഒന്നും ചെയ്തില്ലേ? പിന്നെ എന്തിനാണ് ഇത്രയധികം അപമാനം?‘ ഷെയ്ഖ് ഹസീന ചോദിച്ചു.