കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ട് ഹൈക്കോടതി . ഭരണഘടനാ വിരുദ്ധമായ നടപടികളും ബോർഡിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും മറ്റ് ക്രമക്കേടുകളും ആരോപിച്ചുള്ള ഹർജികൾ കോടതി പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ വഖഫ് ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശശം . താൽക്കാലികമായി ചുമതലയേൽക്കാൻ വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തു.
നിലവിലെ വഖഫ് ബോർഡിന്റെ നിയമസാധുത ചോദ്യം ചെയ്ത് വിവിധ കക്ഷികളാണ് ഹർജികൾ സമർപ്പിച്ചത്. അതിലൊന്ന് ക്രിസ്ത്യൻ സമൂഹ സംഘടനയായ എസിടിഎസ് സമർപ്പിച്ചതാണ് . ഇടതുപക്ഷ സർക്കാർ നിയമങ്ങൾ ലംഘിച്ച് ബോർഡ് രൂപീകരിച്ചുവെന്നാണ് ഈ ഹർജിയിൽ പറഞ്ഞിരുന്നത്. ഹർജിയിൽ ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ബോർഡിൽ നിന്ന് രണ്ട് മുസ്ലീം ഇതര അംഗങ്ങളെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് മറ്റൊരു ഹർജിയും സമർപ്പിച്ചു.
2025 ലെ വഖഫ് (ഭേദഗതി) നിയമം ബോർഡിൽ രണ്ട് മുസ്ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ്. ഈ വ്യവസ്ഥ പാലിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ അത് നിയമവിരുദ്ധമാണെന്നും ഷോൺ ജോർജ് വാദിച്ചു. ഈ വർഷം ആദ്യം വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ, സർക്കാർ ഒമ്പത് അംഗങ്ങളെ നിയമിച്ചുവെന്നും അവരെല്ലാം മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

