കൊച്ചി: മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ ഭരണസമിതി രാജിവച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിലെ തർക്കങ്ങളെ തുടർന്നാണ് നാടകീയമായ രാജി. അധികാരമേറ്റ് ഒരു വർഷം തികയുന്നതിന് മുമ്പാണ് രാജി. ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവച്ചു. സംഘടനയുടെ ഉത്തരവാദിത്തം വീണ്ടും അഡ് ഹോക്ക് കമ്മിറ്റിയുടെ കൈകളിലാകും.
ഭൂരിഭാഗം അമ്മ അംഗങ്ങളും നിലവിലെ ഭരണസമിതിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് രാജിയുടെ വക്കിലെത്തിയത് . ഭരണസമിതി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിനെച്ചൊല്ലിയും വിവാദങ്ങൾ ഉണ്ടായിരുന്നു. ഭരണസമിതിക്കെതിരെ ഒരു വിഭാഗം അവിശ്വാസ പ്രമേയം തയ്യാറാക്കിയതായും റിപ്പോർട്ടുണ്ട്. നേതൃത്വം സംഘടനയ്ക്ക് അപകീർത്തി വരുത്തിയെന്നാണ് ആരോപണം. ഐഎഫ്എഫ്കെയിൽ മദ്യം വിളമ്പിയതിന് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതായും സൗജന്യ വേദി ലഭ്യമായിരിക്കെ നാല് ലക്ഷം രൂപ ചെലവഴിച്ച് പുതിയ വേദി തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നും , ഇതിനെല്ലാം ആരാണ് അനുമതി നൽകിയതെന്നും ചോദ്യമുയർന്നു.
സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ യോഗത്തിൽ നേർക്കുനേർ തർക്കിച്ചു. കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന മുതിർന്ന പാനൽ റിപ്പോർട്ട് പാസാക്കുന്നതിനെ എതിർത്തു. കണക്കുകളിൽ ഗുരുതരമായ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്ന് നടനും, സംവിധായകനുമായ രഞ്ജി പണിക്കരും നിലപാടെടുത്തു. തർക്കം മുറുകിയതോടെ വിഷയത്തിൽ വിശദമായ പഠനം നടത്താൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റിപ്പോർട്ട് പാസാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നില വന്നതോടെയാണ് രാജിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങിയത്.

