കൊച്ചി : നടൻ ടിനി ടോമിനെതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന അൻസിബയുടെ ആവശ്യം താരസംഘടനയായ അമ്മ പരിഗണിക്കില്ല . തന്നെ നിഷ്പക്ഷമായി കേൾക്കണമെന്നാണ് അൻസിബയുടെ ആവശ്യം . പരാതിയ്ക്കായി പ്രത്യേകസമിതി രൂപീകരിക്കണം .
രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവതി എന്നിവരടങ്ങിയ സമിതി വേണമെന്നുമാണ് അൻസിബ ആവശ്യപ്പെടുന്നത്. എന്നാൽ അൻസിബയുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് മിക്ക ഭാരവാഹികളുടെയും നിലപാട് . അതുകൊണ്ട് തന്നെ പരാതി എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ പരിഗണിക്കും.
അതിനിടെ ഉണ്ണി ശിവപാലിനും, കുക്കു പരമേശ്വരനും, നീന കുറുപ്പിനുമെതിരെ പരാതിയുമായി അമ്മയിലെ മുൻ മാനേജർ അതുല്യ രംഗത്തെത്തി. ലേബർ ഓഫീസർക്ക് പരാതി നൽകിയതിനു പിന്നാലെ തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതായി അതുല്യ പറയുന്നു. രാത്രിയിൽ ജോലി ചെയ്യിപ്പിച്ചതും, മാനസികമായി പീഡിപ്പിച്ചതും അമ്മയിൽ വെറും ചർച്ച മാത്രമായി ഒതുങ്ങിയെന്നും അതുല്യ പറയുന്നു.
ടിനിയ്ക്കെതിരായ പരാതിയിൽ നേരിട്ട ഹാജരാകാൻ നടി അൻസിബയോട് അമ്മ നിർദേശം നൽകിയിട്ടുണ്ട്. തെളിവുകൾ ഉണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിയ്ക്ക് മുന്നിൽ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂൺ 1 മുതൽ 3 വരെയുള്ള ദിവസങ്ങളിൽ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നൽകിയ നിർദേശം. ജൂൺ 1 ന് അല്ലെങ്കിൽ 7 ന് ഹാജരാകും എന്നാണ് അൻസിബ അറിയിച്ചിരിക്കുന്നത്.
ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയാണ് നേരത്തെ അൻസിബ ഉന്നയിച്ചിരുന്നത് . അമ്മയിൽ നിന്ന് രാജി വയ്ക്കാനുള്ള കാരണവും ടിനി ടോമാണെന്ന് അൻസിബ പറഞ്ഞിരുന്നു. താൻ ജിഹാദിയാണെന്നും ടിനിയുടെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചെന്നും ടിനി പറഞ്ഞിരുന്നു .സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായം പറയുമ്പോൾ അത് വ്യക്തിപരമായി എടുത്ത് തനിക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ടിനി ഉന്നയിക്കാറുണ്ടായിരുന്നുവെന്നും അൻസിബ പറഞ്ഞു.
മാത്രമല്ല നടി ലക്ഷ്മി പ്രിയ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും കെട്ടിച്ചമച്ച പരാതിയുടെ പേരിൽ മൂന്ന് മണിക്കൂറോളം താൻ പൊലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നുവെന്നും അൻസിബ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അൻസിബ മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

