മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എക്സിറ്റ് പോളുകൾ യുഡിഎഫ് വിജയസാധ്യത സൂചിപ്പിക്കുകയും ചെയ്തതോടെ, വിഡി സതീശന് പരോക്ഷ പിന്തുണ നൽകി മുസ്ലിം ലീഗ് .
പൊതുജന വികാരം കണക്കിലെടുത്തായിരിക്കും യുഡിഎഫ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഐയുഎംഎൽ പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. “സർവേകളിൽ നമ്മൾ കാണുന്നത് ജനങ്ങളുടെ അഭിപ്രായമാണ്. മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെയുള്ള പൊതുജന വികാരം പരിഗണിച്ചായിരിക്കും യുഡിഎഫ് മുന്നോട്ട് പോകുന്നത്,” അദ്ദേഹം പറഞ്ഞു.
യുഡിഎഫിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വിഡി സതീശന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചതായി എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പൊതുജനാഭിപ്രായം പരിഗണിക്കണമെന്ന ലീഗിന്റെ പ്രതികരണം .
യുഡിഎഫിലെ നേതൃമാറ്റം പോലുള്ള കാര്യങ്ങളിൽ മുസ്ലീം ലീഗിന്റെ നിലപാട് പലപ്പോഴും നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ സതീശന് നൽകുന്ന ഈ പരോക്ഷ പിന്തുണയും ഇത്തവണ നിർണായകമാകും.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഉചിതമായ സമയത്ത് കോൺഗ്രസ് ഹൈക്കമാൻഡിനെയും സംസ്ഥാന നേതൃത്വത്തെയും അത് അറിയിക്കുമെന്നും ലീഗ് നേതൃത്വം നേരത്തെ സൂചിപ്പിച്ചിരുന്നു.
രമേശ് ചെന്നിത്തലയുമായി ലീഗിന് ദീർഘകാല ബന്ധമുണ്ട്, കെസി വേണുഗോപാലുമായി പ്രത്യേക പ്രശ്നങ്ങളൊന്നുമില്ല. ഏകദേശം ആറ് മാസം മുമ്പ് വരെ, ലീഗ് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. സതീശനോ ചെന്നിത്തലയോ മുഖ്യമന്ത്രിയാകുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാലിപ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെത്തുടർന്നാണ് ലീഗ് നേതൃത്വം മലക്കം മറിഞ്ഞത്.

