കൊച്ചി : പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിൻ . സ്കൂളിലെ നിയമങ്ങൾ പാലിച്ച് തിരിച്ചെത്തിയാൽ വിദ്യാർത്ഥിയെ തുടർന്നും പഠിപ്പിക്കുമെന്നും സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സ്കൂൾ ബഹുമാനിക്കുന്നുവെന്നും അവർ പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് നേരത്തെ ഈ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സ്കൂൾ പ്രിൻസിപ്പൽ മാധ്യമങ്ങളെ കണ്ടത്.
“ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തിരിച്ചെത്തിയാൽ, ആദ്യ ദിവസം ഞങ്ങൾ നൽകിയ അതേ സ്നേഹത്തോടെ ആ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ ഞങ്ങൾ തയ്യാറാണ്. പാഠ്യപദ്ധതിക്ക് പുറമേ, ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്കാരിക മൂല്യങ്ങൾ ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു. മാനവികതയെയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് ഞങ്ങൾ കുട്ടികളോട് സംസാരിക്കുകയും അവയെ മനസ്സിലാക്കുകയും ചെയ്യുന്നു. നിരവധി വിഷയങ്ങൾ കോടതിയുടെ മുന്നിലുണ്ട്. അതിനാൽ, കൂടുതലൊന്നും പറയുന്നില്ല. നിയമം അതിന്റേതായ വഴിക്ക് പോകട്ടെ. ഞങ്ങൾ എപ്പോഴും കോടതിയെയും സർക്കാരിനെയും ബഹുമാനിച്ചിട്ടുണ്ട്, അത് തുടരുകയും ചെയ്യും,’ സിസ്റ്റർ ഹെലീന ആൽബിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം സ്കൂൾ മാനേജ്മെന്റിനെതിരെ മന്ത്രി വി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് മാറ്റുന്ന കാര്യം രക്ഷിതാക്കൾ പറഞ്ഞത് . സ്കൂൾ അധികൃതരും അവരുടെ അഭിഭാഷകയും നടത്തിയ വാർത്താ സമ്മേളനങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ഒരു കാര്യം വ്യക്തമാകും. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം – എന്നായിരുന്നു മന്ത്രിയുടെ ആരോപണം.
മാത്രമല്ല കോൺഗ്രസിന് വേണ്ടിയോ മറ്റാർക്ക് വേണ്ടിയോ രാഷ്ട്രീയപരവും വർഗീയപരവുമായ വിഭജനം കേരളത്തിന്റെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ ആര് ശ്രമിച്ചാലും, ഈ സർക്കാർ അത് ഒരു കാരണവശാലും അനുവദിക്കുകയില്ല. നമ്മുടെ വിദ്യാലയങ്ങൾ സമാധാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളാണ്. അതിനെ കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുള്ള വേദിയാക്കാൻ ആരെയും അനുവദിക്കില്ലെന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു.

