തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഴിഞ്ഞത്ത് പതിനായിരങ്ങൾ പങ്കെടുത്ത പരിപാടിയിൽവച്ചായിരുന്നു തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചത്. ഇതിന് ശേഷം പ്രധാനമന്ത്രി മലയാളത്തിൽ വേദിയെ അഭിസംബോധന ചെയ്തു.
രാജ്യത്തെ സംബന്ധിച്ച് അഭിമാന പദ്ധതിയാണ് വിഴിഞ്ഞം എന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതുതലമുറ വികസനത്തിന്റെ ഉത്തമ ഉദാഹരണവും പ്രതീകവുമാണ് വിഴിഞ്ഞം തുറമുഖം. കേരളത്തിനും രാജ്യത്തിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിന് ആണ്. രാജ്യത്തിന്റെ പണം പുറത്തേയ്ക്ക് ഒഴുകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പുരോഗതിയ്ക്കായി തുറമുഖം അത്യാവശ്യമാണ്. വിഴിഞ്ഞം തുറമുഖം അതിവേഗം പൂർത്തിയാക്കാൻ അദാനിയ്ക്ക് കഴിഞ്ഞു. ഇത്രയും വലിയ തുറമുഖം കേരളത്തിന് നൽകിയ അദാനിയോട് ഗുജറാത്തുകാർ പിണങ്ങും. രാജ്യ പുരോഗതിയ്ക്കായി കേരളം വലിയ പങ്കുവഹിച്ചു. ഇനിയും നിർണായക പങ്കുവഹിക്കാൻ കേരളത്തിന് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നലെ വൈകീട്ടോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ഇന്ന് രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം വിഴിഞ്ഞത്ത് എത്തിയ അദ്ദേഹം തുറമുഖം പൂർണമായും നടന്ന് കണ്ടു.

