കണ്ണൂർ : സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും, തളിപ്പറമ്പ് എം എൽ എയുമായ ടി കെ ഗോവിന്ദൻ . കമ്യൂണിസ്റ്റുകാരാണ് സിപിഎമ്മിനെതിരെ വോട്ട് ചെയ്തത്. അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു സിപിഎമ്മിന് . അവരുടെ സമീപനത്തിനെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. കഴിഞ്ഞ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് പരാജയമുണ്ടായി.
താഴെത്തട്ടിലുള്ള ചർച്ചകൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ല . അതാണ് പരാജയകാരണം . ഈ പാഠം പഠിക്കാൻ സിപിഎം തയ്യാറാകുന്നില്ല. അടിസ്ഥാന വർഗത്തെ മറന്നതിന്റെ ഫലമാണിത്. യഥാർത്ഥ പരാജയ കാരണമാണോ ഇപ്പോൾ സിപിഎം ചർച്ചയാകുന്നത്. പരാജയം ഉണ്ടാകുമ്പോൾ ഇത്തരം അഭ്യാസങ്ങൾ നേരത്തെയും സിപിഎം കാട്ടിക്കൂട്ടിയിട്ടുണ്ട്.
പയ്യന്നൂരും, തളിപ്പറമ്പും ആണ് സിപിഎം പരാജയപ്പെട്ടത് . പയ്യന്നൂർ സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് . തളിപ്പറമ്പ് രക്തസാക്ഷികളുടെ നാടാണ്. അവിടെയും ഇടതുപക്ഷം തോറ്റു. പള്ളിയിൽ നിന്നുള്ള നിർദേശമാണ് പരാജയപ്പെടുത്തിയതെന്ന് ചില വിദഗ്ധർ പറയുന്നു. ന്യൂനപക്ഷ വർഗീയത ഉറഞ്ഞുതുള്ളി എന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നത് . അതാണോ വസ്തുത. അസഹിഷ്ണുത സിപിഎം അവസാനിപ്പിക്കണം. ഇത്രയും വലിയ തെറ്റിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ നേതൃത്വം തയ്യാറാകുന്നില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.

