തിരുവനന്തപുരം : അമ്മയും, മകനും സഞ്ചരിച്ച സ്കൂട്ടറിന് കുറുകെ തെരുവ് നായ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയും, തുമ്പ വി എസ് എസ് സിയിലെ ഗവേഷണ വിദ്യാർത്ഥിയുമായ അതുൽ (26) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിഷ (51) യ്ക്ക അപകടത്തിൽ പരിക്കേറ്റു.
അമ്മയെ സ്കൂട്ടറിൽ ഇരുത്തി തുമ്പ സ്റ്റേഷൻ കടവ് നെഹ്രു ജംഗ്ഷനിൽ നിന്ന് പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപം വച്ചാണ് തെരുവ് നായ കുറുകെ ചാടിയത് .നായയെ ഇടിച്ച സ്കൂട്ടർ റോഡിലേയ്ക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അതുലിനെയും,ജിഷയെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ചികിത്സയിൽ കഴിയുന്ന അമ്മ ജിഷയുടെ നില തൃപ്തികരമാണ് .അതുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

