തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായ തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടന പരിപാടിയ്ക്കായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ തലസ്ഥാന നഗരിയിൽ എത്തിയിരുന്നു.
രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി വിഴിഞ്ഞത്തേയ്ക്ക് എത്തും. വിഴിഞ്ഞത്ത് പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തുറമുഖം നടന്ന് കാണും. ഇതിന് ശേഷമാണ് ഉദ്ഘാടനം നിർവ്വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ട്.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 12.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. പരിപാടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഗതാഗതനിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.

