തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിക്ക് നേരെ ഭീഷണിയോ അക്രമമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സഞ്ചരിച്ച ബസിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം . മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ബസിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കെ എസ് ആർ ടി സിയിലെ മെക്കാനിക്കൽ എഞ്ചിനീയറും മൊഴി നൽകി.
പ്രതികളായ വ്യക്തികൾ, മുൻ അന്വേഷണ ഉദ്യോഗസ്ഥർ, മേൽനോട്ട ഉദ്യോഗസ്ഥർ, മുൻ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വ്യക്തികൾ എന്നിവരുടെ പങ്കും പരിശോധിച്ചുവരികയാണ്. ജാമ്യാപേക്ഷയിൽ പ്രതികൾ ഉന്നയിച്ച വാദങ്ങൾ ‘വസ്തുതാപരമായി തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതും, അന്വേഷണ സമയത്ത് ശേഖരിച്ച തെളിവുകൾക്ക് വിരുദ്ധവുമാണെന്ന്’ എസ്ഐടി കോടതിയിൽ പറഞ്ഞു.
“മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള സദസ് ബസ് പ്രതിഷേധക്കാർ ആക്രമിച്ചുവെന്നും വാഹനത്തിന് നേരെ വസ്തുക്കൾ എറിഞ്ഞുവെന്നും അതുവഴി സുരക്ഷാ ഭീഷണി സൃഷ്ടിച്ചുവെന്നും ആരോപിച്ച് പ്രതികൾ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിച്ചു. പ്രസ്തുത ആരോപണം വ്യക്തമായും തെറ്റാണ്. അന്വേഷണത്തിനിടെ പിടിച്ചെടുത്തതും എസ്ഐടി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതുമായ ദൃശ്യ രേഖകൾ, പ്രതിഷേധക്കാർ കെഎസ്ആർടിസി ബസിന് നേരെ കല്ലേറോ വസ്തുക്കളോ മറ്റേതെങ്കിലും വസ്തുക്കളോ എറിഞ്ഞതായി വെളിപ്പെടുത്തുന്നില്ല. പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ബസിനെ സമീപിച്ചുവെന്നും ആയുധങ്ങളോ കല്ലുകളോ വടികളോ മറ്റ് വസ്തുക്കളോ അവർ കൈവശം വച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ വ്യക്തമായി കാണിക്കുന്നു,” എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രത്യേകം രൂപകൽപ്പന ചെയ്ത കെഎസ്ആർടിസി ബസിലെ ഡ്രൈവർ അഭിലാഷിന്റെ മൊഴിയിൽ കല്ലേറോ വസ്തുക്കളോ എറിഞ്ഞിട്ടില്ലെന്ന് വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും എസ് ഐ ടി ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി.യുടെ മെക്കാനിക്കൽ എഞ്ചിനീയറുടെ മൊഴിയിലും എസ്.ഐ.ടി പരിശോധിച്ച ഔദ്യോഗിക രേഖകളിലും നാശനഷ്ടങ്ങൾ സംബന്ധിച്ച ഒന്നും ഉണ്ടായിരുന്നില്ല.
മുൻ മുഖ്യമന്ത്രിയുടെ ഗണ്മാനും, അകമ്പടി സേനയും പ്രയോഗിച്ചതു ലാത്തിയേക്കാൾ നീളമുള്ള ചൂരൽ വടിയായിരുന്നു. പ്രതിഷേധക്കാരുടെ കഴുത്തിനും, തലയ്ക്കും അടിയേറ്റു. ഈ വടി ഉപയോഗിച്ച് ശക്തമായി തലയ്ക്കടിയേറ്റാൽ മരണം വരെ സംഭവിക്കാമെന്നും മെഡിക്കൽ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ നരഹത്യാശ്രമം ചുമത്തിയതെന്ന് എസ് ഐ ടിയുടെ റിപ്പോർട്ടിലുണ്ട്.
2023 ഡിസംബർ 15 ന് ആലപ്പുഴയിൽ വെച്ചാണ് ‘ രക്ഷാപ്രവർത്തന കേസ് ‘ നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും കെഎസ്യു നേതാവും നിലവിലെ എംഎൽഎയുമായ എ ഡി തോമസിനെയും അജയിനെയും മർദ്ദിക്കുകയായിരുന്നു . “രക്ഷാപ്രവർത്തനം” എന്ന് വിശേഷിപ്പിച്ചുകൊണ്ട് പിണറായി സർക്കാർ ഈ നടപടിയെ ന്യായീകരിച്ചിരുന്നു.
സംഭവത്തിൽ തോമസും , അജയും പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല . കോടതിയെ സമീപിച്ചതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, കേസ് അന്വേഷിക്കാൻ അന്നത്തെ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ പി ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.

