തിരുവനന്തപുരം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന് യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതർ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മില്‍മ അവസാനമായി പാലിന് വില വർധിപ്പിക്കുന്നത് 2022 ഡിസംബറിലാണ്. അന്ന് ലിറ്ററിന് ആറ് രൂപയായിരുന്നു മില്‍മ വർധിപ്പിച്ചത്.
നിലവില്‍ ക്ഷീര കർഷകർക്ക് ഒരുലിറ്റർ പാലിന് ലഭിക്കുന്നത് 45 രൂപ മുതല്‍ 49 രൂപ വരെയാണ്. ടോണ്‍ഡ് മില്‍ക്കിന്റെ വിപണി വില ലിറ്ററിന് 52 രൂപയാണ്. ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് ചേരുന്ന മില്‍മ ഫെഡറേഷൻ യോഗത്തില്‍ പാല് വിലവർധന സംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് റിപ്പോർട്ട്. ഉത്പാദനച്ചെലവ് കൂടിയതിന് ആനുപാതികമായി വിലവർധന വേണമെന്ന് മില്‍മ സർക്കാരിനെ അറിയിച്ചിരുന്നു.
ലിറ്ററിന് 10 രൂപയുടെയെങ്കിലും വർധന ഉണ്ടെങ്കിലേ പിടിച്ചുനില്ക്കാൻ കഴിയൂ എന്നാണ് കർഷക പ്രതിനിധികള്‍ യൂണിയനുകളെ അറിയിച്ചത്. സംഘങ്ങള്‍ക്ക് നിശ്ചിത അളവില്‍ പാലളന്നശേഷം ബാക്കി സ്വകാര്യ വിപണിയിലേക്ക് വിറ്റാണ് കൃഷിക്കാർ നഷ്ടം നികത്തുന്നത്. പുറംവിപണിയില്‍ ലിറ്ററിന് 60-65 രൂപ പ്രകാരമാണ് വില്‍പ്പന.

