തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര കെഎസ്ആർടിസിയ്ക്ക് അധിക ബാധ്യതയാകുമെന്ന് മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്ണൻ . വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനെ എൽഡിഎഫ് എതിർക്കുന്നില്ല. എന്നാൽ വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കാമെന്നും ശമ്പളം കൃത്യമായി നൽകുമെന്നും ഉറപ്പാക്കണം. ആശാ തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത 21,000 രൂപ യുഡിഎഫ് നൽകണം. 3,000 രൂപ വർദ്ധനവ് സ്വാഗതം ചെയ്യുന്നു.
സിപിഎമ്മിൽ ഇപ്പോൾ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. മാത്രമല്ല, 1970 കളിൽ 17 സീറ്റുകളിലേക്ക് കൂപ്പുകുത്തിയ സിപിഎം ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. പരിശോധന പൂർത്തിയായ ശേഷം പരാജയവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാട് അറിയിക്കും. ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെക്കുറിച്ചുള്ള ആരോപണങ്ങൾ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിച്ചു. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും ’ രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചെങ്കിലും ചില നിയന്ത്രണങ്ങളോടെയാകും സർക്കാർ അത് നടപ്പിലാക്കുക . കെ എസ് ആർ ടി സിയുടെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കും. ദിവസം പത്ത് ലക്ഷം രൂപയുടെ അധികബാദ്ധ്യതയാണ് ഇത് മൂലമുണ്ടാകുന്നത് . പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന ചോർച്ചയ്ക്ക് അനുസൃതമായി സർക്കാർ ധനസഹായം നൽകേണ്ടി വരും .
എല്ലാ ക്ലാസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിദിന വരുമാനത്തിൽ 3.2 കോടിയുടെ കുറവുണ്ടാകും.പ്രതിമാസബാധ്യത 96 കോടിയുമാകും. നിലവിൽ പ്രതിദിനവരുമാനം 8 കോടിയാണ്. പെൻഷന് 80 കോടിയും, ശമ്പളത്തിന് 50 കോടിയും പ്രതിമാസം സർക്കാർ നൽകുന്നത് കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന സ്ഥാപനത്തെ ഈ തീരുമാനം തകിടം മറിയ്ക്കുമെന്നാണ് വിലയിരുത്തൽ.

