ഇടുക്കി: മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനവും പ്രതീക്ഷയും പാഴായി, അടിമാലി ഉരുൾപൊട്ടലിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു. കൂമ്പൻപാറ ബിജു ആണ് മരിച്ചത്. ഭാര്യ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം പുറത്തെത്തിച്ചെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല. അപകടത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാലിന് സാരമായ പരിക്കുള്ളതായാണ് വിവരം. അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയ സന്ധ്യയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി.
അടിമാലിയിലെ കൂമ്പൻപാറയിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് ദേശീയ പാതയിൽ മണ്ണിടിഞ്ഞത് . 50 അടിയിലധികം ഉയരമുള്ള തടയണയുടെ ഒരു ഭാഗം റോഡിലേക്കും താഴെയുള്ള വീടുകളിലേക്കും ഇടിഞ്ഞുവീണു. മണ്ണിടിച്ചിലിൽ എട്ട് വീടുകൾ തകർന്നു.
ബിജുവിനെയും സന്ധ്യയെയും പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഇരുവരും വലിയ കോൺക്രീറ്റ് ബീമുകൾക്കിടയിലും ചുമരിന്റെ ഭാഗങ്ങൾക്കിടയിലുമായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്
ബിജുവിന്റെ മകൾ കോട്ടയത്ത് മൂന്നാം വർഷ ബി.എസ്സി. നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.മരപ്പണിക്കാരനായിരുന്നു ബിജു . പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ കഴിഞ്ഞ വർഷമാണ് കാൻസർ ബാധിച്ച് മരിച്ചത്. ബിജുവിനും കുടുംബത്തിനും 15 സെന്റ് ഭൂമിയുണ്ടായിരുന്നു.
പത്ത് വർഷത്തോളമായി കൂമ്പൻപാറയിലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു ഇവർ. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തെ 25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.ശനിയാഴ്ച പ്രധാനപ്പെട്ട രേഖകൾ എടുക്കാനും ഭക്ഷണം കഴിക്കാനും വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇവർ.

