ഇസ്ലാമാബാദ് ; ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പാക്കിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകി. വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്. നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടിസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്
തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

