ന്യൂദൽഹി : ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സ്ഫോടനം രാജ്യത്തിന്റെ ഉള്ളുലച്ചു . അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ രാജ്യം മുഴുവൻ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ അന്വേഷണത്തിൽ ഉൾപ്പെട്ട എല്ലാ ഏജൻസികളുമായും രാത്രി മുഴുവൻ ബന്ധപ്പെട്ടു . ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ നീക്കങ്ങളും നടത്തും. ആരെയും വെറുതെ വിടില്ല .
മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ . കുറ്റവാളികളെ തിരിച്ചറിയുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ നടപടി ഉറപ്പാക്കുന്നതിനും നീതിയുക്തവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താൻ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികൾക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്.‘- അദ്ദേഹം പറഞ്ഞു.
ഭൂട്ടാൻ സന്ദര്ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
‘ സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കരുത്ത് നൽകാൻ പ്രാർത്ഥിക്കുന്നു.ഈ ദുരന്തത്തിന് ഉത്തരവവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും . ഒരു കാരണവശാലും അവരെ വെറുതെ വിടില്ല ‘ രാജ്നാഥ് സിംഗ് പറഞ്ഞു.

