യെമനിൽ ജയിലിൽ കഴിയുന്ന നഴ്സായ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വച്ചതായി റിപ്പോർട്ട് . അതേസമയം കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ഇതുവരെ മാപ്പ് നൽകാനോ ബ്ലഡ് മണി സ്വീകരിക്കാനോ സമ്മതിച്ചിട്ടില്ലെന്ന് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോം ബാസ്കരൻ പറഞ്ഞു.
വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ആശ്വാസ വാർത്ത . ജൂലൈ 16-ന് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതോടെ, വിദേശകാര്യമന്ത്രാലയം ഉന്നതതല ഇടപെടൽ നടത്തിയിരുന്നു.
“നിമിഷ പ്രിയയുടെ കാര്യത്തിൽ, യെമനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2025 ജൂലൈ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചതായി അറിയാൻ കഴിഞ്ഞു. കേസിന്റെ തുടക്കം മുതൽ ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്ന ഇന്ത്യാ ഗവൺമെന്റ്, നിമിഷ പ്രിയയുടെ കുടുംബത്തിന് എതിർ കക്ഷിയുമായി പരസ്പര സമ്മതത്തോടെയുള്ള ഒരു പരിഹാരത്തിലെത്താൻ കൂടുതൽ സമയം തേടുന്നതിന് സമീപ ദിവസങ്ങളിൽ യോജിച്ച ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രാദേശിക ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും പതിവായി ബന്ധപ്പെട്ടിരുന്നു, ഇത് ഈ മാറ്റിവയ്ക്കലിന് കാരണമായി, ” എന്നാണ് പുറത്ത് വന്ന റിപോർട്ടുകളിൽ പറയുന്നത് .

