ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി കേരളം . സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ഓഫ് അസീസിയിലെ അംഗങ്ങളായ തലശ്ശേരിയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലിയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയുമാണ് അറസ്റ്റിലായത്.
കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി . ഹിന്ദുത്വ സംഘടനകളുടെ സമ്മർദ്ദം മൂലമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആരോപിച്ചു.ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന ഇവരെ ഇപ്പോൾ ദുർഗ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്
മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലപാട് സ്വീകരിക്കാൻ ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനുമേലും സമ്മർദ്ദം ചെലുത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർ എല്ലാ നിയമസഹായവും നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ, വീട്ടുജോലിക്ക് മൂന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറസ്റ്റിലായത്. പെൺകുട്ടികളിൽ ഒരാളുടെ സഹോദരനും സ്റ്റേഷനിൽ എത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഒരു സംഘം ആളുകൾ കന്യാസ്ത്രീകളെ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

